എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുന്നു
ദില്ലി:സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുന്നു.
കേരളഘടകത്തിന്‍റെ പൊതുവികാരം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. പ്ലീനറി സമ്മേളനത്തിന്‍റെ തീരുമാനമനുസരിച്ചാകും തരൂരിന്‍റെ തുടര്‍നീക്കങ്ങള്‍.ശശി തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നാണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്‍റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നു. ചില എംപിമാരുടെ മാത്രം പിന്തുണയാണുള്ളത്.
സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിര്‍പ്പുയരുമ്ബോള്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള തരൂരിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. താരിഖ് അന്‍വറിന് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാന്‍ഡ് നേരിട്ട് നിരീക്ഷിക്കുകയാണ്. വിവാദത്തില്‍ പരസ്യപ്രസ്താവനകള്‍ വിലക്കിയത് ഈ പശ്ചാത്തലത്തിലാണ്. .അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കുന്നുണ്ട്. അതേ സമയം കൂടുതല്‍ പ്രകോപനം വേണ്ടെന്നാണ് തരൂരിന്‍റെയും നിലപാടെന്നാണ് സൂചന. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന റായ്പൂര്‍ പ്ലീനറി സമ്മേളനത്തിന്‍റെ തീരുമാനങ്ങള്‍ക്കായി തരൂരും കാക്കുകയാണ്. പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ മത്സരിച്ചേക്കും.തുടര്‍ന്നങ്ങോട്ട് തരൂരും പാര്‍ട്ടിയുമായുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണ് സാധ്യത.