100 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബാങ്ക് നോട്ടുകളും പിൻവലിക്കുക; ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് മറുപടി തേടി
രാജ്യത്തെ അഴിമതി തടയുന്നതിനായി 100 രൂപയ്ക്ക് മുകളിലുള്ള എല്ലാ കറൻസി നോട്ടുകളും പിൻവലിക്കുക, 10,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ നിയന്ത്രിക്കുക , 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾ ആധാറുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ നിലപാട് അറിയിക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടും ഡൽഹി സർക്കാരിനോടും ആവശ്യപ്പെട്ടു.
കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ, ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനം, എയർ ടിക്കറ്റ്, റെയിൽ ടിക്കറ്റ്, വൈദ്യുതി ബിൽ, എൽപിജി ബിൽ, സിഎൻജി ബിൽ, മുനിസിപ്പാലിറ്റി ബില്ലുകൾ, കൂടാതെ 10,000 രൂപയും അതിനു മുകളിലുള്ള മറ്റ് ബില്ലുകളും വാങ്ങുന്നതിന് പണമിടപാടുകൾ നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വാങ്ങുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും പണമിടപാടുകൾ നിയന്ത്രിക്കാനും ഹർജി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-ഡൽഹി സർക്കാരുകളുടെ അഭിഭാഷകനോട് നിർദ്ദേശങ്ങൾ നൽകാൻ ആവശ്യപ്പെടുകയും വിഷയം ഓഗസ്റ്റിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, ഹർജിയിൽ ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. എല്ലാ വ്യാവസായിക, ഗാർഹിക ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരമാവധി ചില്ലറ വിൽപ്പന വിലയായ 10,000 രൂപയിൽ പണമിടപാടുകൾ നിയന്ത്രിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ഹർജിക്കാരനും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ആവശ്യപ്പെട്ടു.
“നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷവും പരമാധികാര സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി 73 വർഷവും പിന്നിട്ടിട്ടും ഒരു ജില്ലയും കൈക്കൂലി, കള്ളപ്പണം, ബിനാമി ഇടപാടുകൾ, ആനുപാതികമല്ലാത്ത സ്വത്ത്, നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ നിന്ന് മുക്തമല്ല,” ഹർജിയിൽ പറയുന്നു.
ശുദ്ധവും സുതാര്യവുമായ ഭരണം കൂടാതെ ഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അതിന് അഴിമതി രഹിത സമൂഹം അടിസ്ഥാന ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. കള്ളപ്പണവും ആനുപാതികമല്ലാത്ത സ്വത്തുക്കളും ബിനാമി സ്വത്തുക്കളും കണ്ടുകെട്ടാനും കുറ്റക്കാർക്ക് കഠിനമായ ജീവപര്യന്തം തടവ് നൽകാനും ഹരജിക്കാരൻ നിർദ്ദേശിച്ചു.