പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം പിന്‍വലിക്കുന്നു: മന്ത്രി സജി ചെറിയാന്‍

single-img
2 January 2024

പ്രധാനമന്ത്രി മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിക്കുന്നു. മണിപ്പൂര്‍ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. അതില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു തന്റെ പരാമര്‍ശത്തില്‍ മന്ത്രി വിശദീകരണം നല്‍കിയത്.

അവര്‍ക്ക് പ്രയാസമുണ്ടെന്ന് പറഞ്ഞു അതുകൊണ്ട് പിന്‍വലിക്കുന്നു. രാജ്യത്ത് ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണം വര്‍ധിച്ചുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍ കലാപം ഇല്ലായ്മ ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴും അവിടെ സംഘര്‍ഷം തുടരുകയാണ്. കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയൊ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്.

രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വര്‍ധിച്ചു. ജനാധിപത്യ വിരുദ്ധമായ അക്രമ സംഭവങ്ങള്‍ക്കെതിരായ നിലപാടാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചത്. മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമര്‍ശം.

സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നും പ്രസ്താവന പിന്‍വലിക്കുന്നത് വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും കത്തോലിക്ക ബാവ വ്യക്തമാക്കിയിരുന്നു. കെസിബിസി, ദീപിക പത്രത്തിലും സജി ചെറിയാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്.