അമ്മയുടെ മൃതദേഹം കാണാൻ മക്കളെ അനുവദിക്കാതെ ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരത


എന്ത് സംഭവിച്ചാലും ആത്മഹത്യ ചെയ്ത സ്വന്തം മാതാവിന്റെ മൃതദേഹം മക്കളെ കാണിക്കില്ലെന്ന് ഭര്‍തൃ വീട്ടുകാര്‍. തൃശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹമാണ് നാലും പത്തും വയസുള്ള കുട്ടികളെ കാണിക്കില്ലെന്ന് ഭർതൃവീട്ടുകാർ വാശിപിടിക്കുന്നത്.
കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞു. ഭര്‍തൃവീട്ടിലെ പീഡനംമൂലം ആശ വിഷക്കായ കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം നിലനിൽക്കെയാണ് ഭര്‍തൃവീട്ടുകാരുടെ ഈ ക്രൂരത.
നാട്ടിക സ്വദേശിയായ സന്തോഷും ആശയും 12 വർഷം മുമ്പാണ് വിവാഹിതരായത്. വ്യാഴാഴ്ച ഭർത്താവിന്റെ വീട്ടിൽവച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ സമയം ഭർത്താവ് സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തു മണിക്ക് ആശയുടെ പാവറട്ടിയിലെ വീട്ടിലായിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ മക്കൾ എത്താത്ത സ്ഥിതിയിൽ സംസ്കാര കർമ്മങ്ങൾ വൈകുകയാണ്.