സുപ്രീം കോടതിയിൽ വനിതാ വക്കീലിനെ കുരങ്ങ് കടിച്ചു
സുപ്രീം കോടതിയിൽ വനിതാ അഭിഭാഷക എസ്.സെൽവകുമാരിയെ കുരങ്ങുകൾ ആക്രമിക്കുകയും കടിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം സുപ്രീംകോടതി മ്യൂസിയത്തിനരികിലുള്ള ‘ജി’ ഗേറ്റിലൂടെ അകത്തേക്കു കടക്കമ്പോഴാണു സംഭവം.
വളരെ വേഗത്തിൽ ഒരു സംഘം കുരങ്ങന്മാർ പാഞ്ഞടുത്തു. ഭയന്നു നിലവിളിക്കുന്നതിനിടെ അതിലൊരെണ്ണം വലതുകാലിൽ കടിച്ചു. ഉടൻ സുപ്രീം കോടതി ഡിസ്പെൻസറിയിലേക്ക് പോയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. നേരെ റജിസ്ട്രാർ കോടതിയുടെ അടുത്തുള്ള പോളിക്ലിനിക്കിലേക്കു പോയി. അവിടെ ഡോക്ടർമാരുണ്ട്. പക്ഷേ, മരുന്നില്ല. മുറിവു വച്ചുകെട്ടിയ ശേഷം ആർഎംഎൽ ആശുപത്രിയിലേക്ക് പോകാനാണ് അവർ നിർദേശിച്ചത്.
അവസാനം ഹൈക്കോടതി ഡിസ്പെൻസറിയിലേക്ക് പോയി. അവിടെ നിന്നും ടെറ്റനസ് കുത്തിവയ്പ്പും എടുത്തു. പിന്നീട് ആർഎംഎലിൽ നിന്ന് 3 കുത്തിവയ്പ്പെടുത്തു. അടുത്ത ദിവസങ്ങളിൽ വീണ്ടും കുത്തിവയ്പ്പെടുക്കണം. ‘ഇപ്പോൾ കടുത്ത പനിയുണ്ട്. പേടി വിട്ടുമാറിയിട്ടില്ല. സുപ്രീം കോടതിയുടെ ക്ലിനിക്കിൽ പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നെങ്കിലും കരുതിവയ്ക്കണം. ഈ കുരങ്ങന്മാരെ തുരത്താൻ മരുന്നിനെങ്കിലും ഒരാളെ നിയമിക്കണം’– ബാർ അസോസിയേഷനിലെ സ്ഥിരം അംഗമായ സെൽവകുമാരി പറഞ്ഞു.
അതേസമയം, ജഡ്ജിമാരുടെ ബംഗ്ലാവിലേക്കുള്ള കുരങ്ങന്മാരുടെ കടന്നുകയറ്റം തടയാൻ ജീവനക്കാരെ നിയമിക്കുന്നതിന് 2002ൽ സുപ്രീം കോടതി കരാർ ക്ഷണിച്ചിരുന്നു. രാജ്യ തലസ്ഥാനത്തെ അതിരൂക്ഷമായ കുരുങ്ങുശല്യം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം പൊതുതാൽപര്യ ഹർജിയുമെത്തിയെങ്കിലും നടപടി എടുത്തിട്ടില്ല.