പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് റിമാൻഡിൽ
4 January 2025
സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ പൊലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രാമചന്ദ്രപ്പയാണ് അറസ്റ്റിലായത്.
ഭൂമി തർക്ക പരാതിയുമായി സ്റ്റേഷനിൽ എത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ മുറിയിൽ വെച്ച് രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു.
ശേഷം സഹപ്രവർത്തകർ എസ്പിയെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് പരിശോധിച്ച് വരികയാണ്. ആരാണ് എസ് പിയുടെ ഔദ്യോഗിക മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടല്ല.