ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി
ശിരോവസ്ത്രം ധരിക്കാത്ത ഒരു സ്ത്രീയ്ക്ക് സേവനം നൽകിയ ഇറാനിയൻ ബാങ്ക് മാനേജരെ പിരിച്ചുവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 80 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇറാനിൽ സ്ത്രീകൾ തലയും കഴുത്തും മുടിയും മറയ്ക്കേണ്ടതുണ്ട്. ഇത് രാജ്യത്തെ സദാചാര പോലീസ് നടപ്പിലാക്കുന്ന നിയമമാണ്.
ഡ്രസ് കോഡ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 22 കാരിയായ മഹ്സ അമിനി സദാചാര പോലീസ് കസ്റ്റഡിയിൽ സെപ്റ്റംബർ 16 ന് മരണപ്പെട്ടത്രാ ജ്യവ്യാപകമായ പ്രകടനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ തലസ്ഥാനമായ ടെഹ്‌റാന് സമീപമുള്ള കോം പ്രവിശ്യയിലെ ബാങ്ക് മാനേജർ വ്യാഴാഴ്‌ച ഒരു ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീക്ക് ബാങ്ക് സേവനങ്ങൾ നൽകിയിരുന്നു എന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പിന്നാലെ ഗവർണറുടെ ഉത്തരവ് പ്രകാരം അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയതായി ഡെപ്യൂട്ടി ഗവർണർ അഹ്മദ് ഹാജിസാദെയെ ഉദ്ധരിച്ച് മെഹർ പറഞ്ഞു. നിലവിൽ ഇറാനിൽ, മിക്ക ബാങ്കുകളും സർക്കാർ നിയന്ത്രണത്തിലാണ്. ഹിജാബ് നിയമം നടപ്പിലാക്കുന്നത് അത്തരം സ്ഥാപനങ്ങളിലെ മാനേജർമാരുടെ ഉത്തരവാദിത്തമാണെന്ന് ഹാജിസാദെ പറഞ്ഞു.
യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ച 1979 വിപ്ലവത്തിന് നാല് വർഷത്തിന് ശേഷമാണ് ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയത്. പിന്നീട് വസ്ത്രധാരണ രീതികൾ മാറിയതോടെ ഇറുകിയ ജീൻസും അയഞ്ഞ നിറപ്പകിട്ടാർന്ന ശിരോവസ്ത്രവും ധരിച്ച സ്ത്രീകളെ കാണുന്നത് സാധാരണമായെങ്കിലും ഈ വർഷം ജൂലൈയിൽ, അൾട്രാ കൺസർവേറ്റീവ് പ്രസിഡന്റ് ഇബ്രാഹിം റൈസി എല്ലാ സ്ഥാപനങ്ങളും ശിരോവസ്ത്ര നിയമം നടപ്പിലാക്കാൻ അണിനിരത്താൻ ആഹ്വാനം ചെയ്തു.