ഇറാനിലെ വനിതകളുടെപ്രതിഷേധം; ലോകമെങ്ങും സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടും: തസ്ലീമ നസ്രിൻ
വസ്ത്രധാരണത്തിലെ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ ഇറാനിൽ യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്ന സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ.
ഇറാനിൽ നടക്കുന്ന വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടുമെന്ന് തസ്ലീമ പറഞ്ഞു.” ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്, പ്രതിഷേധത്തിന്റെ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്.
ഹിജാബ് ധരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്ത്രീകൾക്ക് അതിനുള്ള അവകാശവും ധരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾക്ക് അതിനുള്ള അവകാശവും ഉണ്ടായിരിക്കണം. സമൂഹത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അടിച്ചമർത്തലിന്റെയും അപമാനിക്കലിന്റെയും പ്രതീകമാണ് ഹിജാബ്.
ഇതോടൊപ്പം തന്നെ ഹിജാബ് ധരിച്ചില്ലെങ്കിൽ തങ്ങളെ മർദിക്കുമെന്നും ഉപദ്രവിക്കുമെന്നും ചില സ്ത്രീകൾ ഭയപ്പെടുന്നുവെന്നും തസ്ലീമ കുറ്റപ്പെടുത്തി. പൊതുസമൂഹത്തില് ലക്ഷക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിൽ ധൈര്യശാലികളായ ഇറാനിയൻ വനിതകളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തസ്ലീമ കൂട്ടിച്ചേർത്തു.