രാജ്യത്തിന്റെ പുരോഗതിക്കായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പ്രധാനമാണ്: വിദ്യാ ബാലൻ


ഏതൊരു സ്ത്രീയും അവരുടെ ശരീരത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് പറയുകയാണ് 44 കാരിയായ പ്രശസ്ത ബോളിവുഡ് നടി വിദ്യ ബാലൻ. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുന്ന 65-ാമത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് ഓഫ് ഓബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിദ്യ.
‘ ഏതൊരു സ്ത്രീയെയും സംബന്ധിച്ച് അവരുടെ സ്വത്വത്തിന്റെ ഭാഗം തന്നെയാണ് ശരീരം. എന്നാൽ പോലും സ്വന്തം ശരീരത്തെ അംഗീകരിക്കാന്‍ ആരും തയാറാവുന്നില്ല. ഓരോ സ്ത്രീയും അവരുടെ ശരീരത്തെ സംരക്ഷിക്കുകയും അതിനെ വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യണം. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കൂടി ഉത്തരവാദിത്തമാണ്’- വിദ്യ പറഞ്ഞു.
സ്വന്തം ആരോഗ്യസംരക്ഷണത്തിനായി ധാരാളം ആളുകൾ മുന്നോട്ട് വരുമ്പോള്‍ അത് സമൂഹത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തിന്റെ പുരോഗതിക്കായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പ്രധാനമാണ്. ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ടെങ്കിലും സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്നും വിദ്യാ ബാലന്‍ പറയുന്നു.
ഒരു സ്ത്രീക്ക് ഗൈനക്കോളജിസ്റ്റിനെകാണേണ്ട സാഹചര്യത്തിൽ മാതാപിതാക്കളോ, ജീവിത പങ്കാളിയോ മകനോ അങ്ങനെ ആരെങ്കിലും അവരുടെ കൂടെ ഉണ്ടാകും. അതിന്റെ കാരണം ഗൈനക്കോളജിസ്റ്റുകളെ കാണേണ്ട ആരോഗ്യപ്രശ്നങ്ങള്‍ അങ്ങിനെയുള്ള സ്ത്രീകളെ സംബന്ധിച്ച് നാണക്കേടും സ്വസ്ഥതയുമുണ്ടാക്കുന്നു. എന്നാൽ വീട്ടുകാരോടൊപ്പം ഡോക്ടറെ കാണുമ്പോള്‍ വീട്ടുകാര്‍ക്കും രോഗവിവരങ്ങള്‍ ശരിയായി അറിയാനാവുമെന്നതും പ്രധാനപ്പെട്ടകാര്യമാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.