ഇറാന് പിന്നാലെ അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം; സ്വാതന്ത്ര്യം ആവശ്യപ്പെട്ട് താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്ക് പ്രകടനം

single-img
29 September 2022

ഹിജാബ് ധരിക്കാത്ത കാരണത്താൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മഹ്‌സ അമീനി എന്ന 22 വയസുകാരി മരിച്ച സംഭവാതിൽ ഇറാനിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനു പിന്തുണയെന്നോണം താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം ആരംഭിച്ചു.

അഫ്‌ഗാനിസ്ഥാനിൽ ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരമ്പി എത്തിയത്. കൂട്ടമായെത്തി പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് അവ ഡിലിറ്റ് ചെയ്യാന്‍ താലിബാന്‍കാര്‍ നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം, നേരത്തെ പ്രതിഷേധിച്ച സ്ത്രീകളെയെല്ലാം ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത താലിബാൻ ഭരണകൂടത്തിന്റെ നടപടികളെ തുടര്‍ന്ന് കഴിഞ്ഞ കുറേ കാലമായി ഇവിടെ സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനിടെയാണ് തലസ്ഥാനമായ കാബൂളിലെ ഇറാന്‍ എംബസിക്കു മുന്നില്‍ നിരവധി സ്ത്രീകള്‍ തെരുവിലിറങ്ങിയത്.