കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടായി:കെ സുരേന്ദ്രൻ
കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടായതായി കേരള ബിജെപി. കഴിഞ്ഞ ദിവസം ഈസ്റ്റർ ദിനത്തിൽ ബിഷപ്പുമാരുടെ ഭവനങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് ബിജെപി പ്രസ്താവന.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭരണ മികവ് എല്ലായിടത്തും അംഗീകരിക്കപ്പെടുന്നു. കേവലം ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ മാറ്റമുണ്ടായി. 15 ശതമാനം വരെ വോട്ട് നേടിയ കേരളത്തിലും മാറ്റമുണ്ടാക്കാൻ കഴിയും. എല്ലാ വിഭാഗം ഞങ്ങൾ സഹകരണം തേടുന്നു.” ബിജെപി പ്രസ്താവനയിൽ പറയുന്നു.
മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം, ഈസ്റ്റർ ദിനത്തിൽ നിരവധി ബിജെപി നേതാക്കൾ ക്രിസ്ത്യാനികളുടെ ഭവനങ്ങൾ സന്ദർശിച്ചു. ക്രിസ്ത്യൻ മതനേതാക്കൾ മാത്രമല്ല സാധാരണ ക്രിസ്ത്യാനികൾക്കും പാർട്ടിയോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ക്രിസ്ത്യാനികൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സദ്ഭരണത്തിന്റെ നാളുകളാണ് അവർ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. “അഭൂതപൂർവമായ വികസനമാണ് എല്ലായിടത്തും. ഈ വികസനം കേരളത്തിന്റെയും ഭാഗമാകണമെങ്കിൽ നരേന്ദ്രമോദിയുടെ നേതൃത്വവും ബിജെപി ഭരണവും ഇവിടെയും ആവശ്യമാണെന്ന് ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.