അടുത്ത വർഷം ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും; പാകിസ്ഥാൻ വന്ന് കളിക്കും; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ഇത്തവണ പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കാതെ ഇന്ത്യ ഏകപക്ഷീയമായി പിന്‍മാറിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.
ഇത്തരത്തിൽ ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐസിസിയുടെ ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണിക്കും. ധാരാളം ലോകകപ്പുകള്‍ ഇതിനോടകം വിജയകരമായി നടത്തിയവരാണ് നമ്മള്‍. പാക്കിസ്ഥാന്‍ നേരത്തെയും നിരവധി തവണ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്.
ഈ കാര്യത്തിൽ ഇന്ത്യക്ക് ആരും നിര്‍ദേശം നല്‍കേണ്ട കാര്യമില്ല. അത് കേള്‍ക്കാന്‍ ഞങ്ങള്‍ തയാറുമല്ല. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം കായികലോകത്ത് ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോവാനാവില്ല. പ്രത്യേകിച്ച് ക്രിക്കറ്റില്‍. അതുകൊണ്ട് അടുത്തവര്‍ഷ്തെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും. അത് ചരിത്ര സംഭവമായി മാറ്റുകയും ചെയ്യും.- അദ്ദേഹം പറഞ്ഞു.