പിടി 7 ൻ്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക


പാലക്കാട്: പിടി 7 ൻ്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ. ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതിയില്ലാത്തതാണ് തുടർ ചികിത്സയ്ക്ക് തടസ്സം. പിടി 7 നെ കൂട്ടിൽ നിന്ന് പുറത്തിറക്കാൻ ഇതുവരെ അനുമതി ലഭിച്ചില്ല. കൂട്ടിൽ നിന്ന് പുറത്തിറക്കിയാലേ തുടർ പരിശോധന നടത്താനാകൂ.
പിടി 7 ന് ചികിത്സാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിഎഫ്ഒക്ക് കത്തയച്ചു. അടിയന്തര ചികിത്സ ആവശ്യപ്പെട്ടുള്ള ഡോക്ടറുടെ കത്തിൽ വനം വകുപ്പ് ഇതുവരെ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ചികിത്സ വൈകിയാൽ പിടി 7 ൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ച പൂർണമായി നഷ്ടമായേക്കും എന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പിടി 7 ൻ്റെ കണ്ണിൻ്റെ ലെൻസ് കൂടുതൽ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. കോർണിയയ്ക്ക് തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. പിടി 7 ൻ്റെ കണ്ണിനേറ്റത് ഗുരുതരമല്ലാത്ത പരുക്കാണെന്നും ഡോക്ടർമാർ അറിയിച്ചു.
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7.