പാരിസ് ഒളിമ്പിക്‌സിന് യോഗ്യതനേടി ഗുസ്തി താരം വിനേഷ് ഫോഗട്ട്
ഇന്ത്യയുടെ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് 2024 പാരിസ് ഒളിമ്പിക്സിന് യോഗ്യത. ഏഷ്യന്‍ ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ സെമിയില്‍ ഖസാക്കിസ്ഥാന്‍ താരത്തെ പരാജയപ്പെടുത്തി വിനേഷ് പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുകയായിരുന്നു.
50 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിന്റെ ജയം. ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷന്‍ സിങ്ങിനേതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആള്‍ കൂടിയാണ് വിനേഷ് ഫോഗട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ ഒളിംപിക്സിനാണ് വിനേഷ് യോഗ്യത നേടുന്നത്.
നേരത്തെ റിയോ, ടോക്കിയോ ഒളിംപിക്സുകളിലും വിനേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. മീരാന്‍ ചിയോണിനെതിരായ ആദ്യ മത്സരത്തില്‍ വെറും ഒരു മിനിറ്റും 39 സെക്കന്‍ഡും കൊണ്ടാണ് വിനേഷ് ജയമുറപ്പിച്ചത്. സെമിഫൈനലില്‍ ലോറ ഗനിക്കിസിക്കെതിരായി ശക്തമായ പ്രകടനമാണ് വിനേഷ് കാഴ്ചവച്ചത്.
ഇതോടൊപ്പം 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലികും 76 കിലോഗ്രാമില്‍ റീതികയും ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ആന്റി പംഗലും നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.ഒരു പുരുഷ ഗുസ്തിക്കാരനും ഇതുവരെ ക്വാട്ട നേടിയിട്ടില്ല. മെയ് 9 മുതല്‍ തുര്‍ക്കിയില്‍ നടക്കുന്ന ലോക യോഗ്യതാ മത്സരത്തിലാണ് പാരീസ് ഗെയിംസ് ക്വാട്ട നേടാനുള്ള അവസാന അവസരം.