ഏറ്റവും ഉയർന്ന നോൺ കമ്മീഷൻഡ് ഓഫീസർ റാങ്കിലേക്ക് സ്ഥാനക്കയറ്റവുമായി യോഗി ആദിത്യനാഥിന്റെ സഹോദരൻ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരൻ ശൈലേന്ദ്ര മോഹന് ആർമിയിൽ സുബേദാർ മേജറായി സ്ഥാനകയറ്റം ലഭിച്ചു. ഗർവാൾ സ്കൗട്ട് റെജിമെന്റിലെ ഏറ്റവും ഉയർന്ന നോൺ കമ്മീഷൻഡ് ഓഫീസർ റാങ്കിലേക്കാണ് ശൈലേന്ദ്ര മോഹന് സ്ഥാനകയറ്റം ലഭിച്ചത്. യോഗിയുടെ മൂന്ന് സഹോദരന്മാരിൽ ഒരാളാണ് ശൈലേന്ദ്ര മോഹൻ.
ഇദ്ദേഹത്തിന് അധികം വൈകാതെ ഹോണററി ക്യാപ്റ്റൻ പദവിയും ലഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലാണ് സുബേദാർ മേജർ ശൈലേന്ദ്രയെ നിലവിൽ നിയമിച്ചിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. ഗഡ്വാൾ സ്കൗട്ട് യൂണിറ്റ് എന്നറിയിട്ടപ്പെട്ടുന്ന ഈ തന്ത്രപ്രധാനമായ അതിർത്തി മേഖല സംരക്ഷിക്കാൻ കൂടുതലായും പ്രാദേശ വാസികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യാറുണ്ട്.
ചൈനീസ് സേനയുടെ നുഴഞ്ഞുകയറ്റ ഭീഷണി കൂടുതലായും നേരിടേണ്ടി വരുന്ന മേഖല കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഈ അതിർത്തി രേഖ സംരക്ഷിക്കൽ പരമപ്രധാനമാണ്. ഈ മേഖലയിലേക്കാണ് ഇപ്പോൾ ശൈലേന്ദ്ര മോഹനെയും നിയമിച്ചിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, സുബേദാർ ശൈലേന്ദ്ര ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ അഭിമാനമാണെന്ന് പറഞ്ഞിരുന്നു.