2027 ലെ തെരഞ്ഞെടുപ്പിലും യോഗി തന്നെ യുപി ബിജെപിയെ നയിക്കും; പിന്തുണയുമായി കേന്ദ്ര നേതൃത്വം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. 2027 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും യോഗി തന്നെ യുപിയെ നയിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നൽകുന്നത്.
ബിജെപിക്കുള്ളിലെ ഭിന്നതയുള്ള കാര്യങ്ങൾ പുറത്ത് പറയരുതെന്നും, പാർട്ടി വേദികളിൽ പറയണമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് നിർദേശം നൽകിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രശ്നം വഷളാക്കരുത്, പ്രതിപക്ഷത്തിന് ഇത് നല്ല അവസരമാകുന്നുവെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
അതേസമയം, യോഗിയോടുള്ള ബിജെപി നിലപാടിലെ മാറ്റം ആർഎസ്എസ് ഇടപെടലിനെ തുടര്‍ന്നെന്നാണ് സൂചന. യുപിയിലെ ബിജെപിയിൽ തർക്കം രൂക്ഷമായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങൾ ശക്തമാക്കിയത്.
കേശവ് പ്രസാദ് മൗര്യ ഡൽഹിയിൽ എത്തി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട് പറഞ്ഞെന്നായിരുന്നു വിവരം. പാർട്ടിയിലും സർക്കാറിലും അഴിച്ചുപണിക്കും കേന്ദ്ര നേതൃത്വം മുതിർന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ടായിരുന്നു.
സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുൻപ് അഴിച്ചുപണി ഉണ്ടാകുമോയെന്നായിരുന്നു ആകാംക്ഷ. ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ടാണ് യോഗിക്കെതിരെ തിരിയുമെന്ന് കരുതിയ കേന്ദ്ര നേതതൃത്വം യോഗിക്ക് പിന്തുണയുമായി രംഗത്തെത്തിയരിക്കുന്നത്.