നിങ്ങളുടെ മനസ്സിൽ ഒരു രാഹുൽ ഗാന്ധി ഉണ്ട്, ഞാൻ അയാളെ കൊന്നു; രാഹുൽ ഗാന്ധി പറയുന്നു
ഇതുവരെ രാജ്യത്തെ ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയെ താൻ കൊന്നുകളഞ്ഞെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“നിങ്ങളുടെ മനസ്സിൽ ഒരു രാഹുൽ ഗാന്ധി ഉണ്ട്, ഞാൻ അയാളെ കൊന്നു. അയാൾ എന്റെ മനസ്സിൽ ഇല്ല. അയാൾ പോയി. നിങ്ങൾ കാണുന്ന വ്യക്തി രാഹുൽ ഗാന്ധിയല്ല”. രാഹുൽ പറഞ്ഞു. താൻ നടത്തുന്ന ഈ പ്രസ്താവനയിൽ ആശ്ചര്യപ്പെടരുതെന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, അദ്ദേഹം പറയുന്നത് മനസിലാക്കാൻ ഹിന്ദുമതത്തെക്കുറിച്ചും ശിവനെക്കുറിച്ചും വായിക്കാനും ഉപദേശിച്ചു.
” ഇതുവരെയുള്ള പ്രതിച്ഛായയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ആഗ്രഹിക്കുന്ന ചിത്രം നിങ്ങൾ സൃഷ്ടിക്കുന്നു. നല്ലതോ ചീത്തയോ, അത് നിങ്ങളുടേതാണ്, എന്റേതല്ല. എനിക്ക് എന്റെ ജോലി ചെയ്യണം”. രാഹുൽ പറഞ്ഞു.