യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവം; ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ
ആലപ്പുഴയിൽ യുവാവിനെ ആക്രമിച്ച് ഗുണ്ടാസംഘം ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കാര്‍ത്തികപ്പള്ളി സ്വദേശിയായ വിഷ്ണു, പിലാപ്പുഴ സ്വദേശി ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശിയായ വിഷ്ണുവിനായിരുന്നു ഗുണ്ടാ സംഘത്തിന്റെ മര്‍ദനമേറ്റത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹരിപ്പാട് പ്രവർത്തിക്കുന്ന ഒരു തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
പക്ഷെ തങ്ങൾക്ക് ലഭിക്കാനുള്ള പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍ സ്ഥലംവിട്ടു. സംഭവം വിവാദമായപ്പോൾ ഒളിവില്‍ പോയ പ്രതികളെ ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് പിടികൂടിയത്.