കർണ്ണാടകയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവ മോഡലും സംഘവും അറസ്റ്റിൽ


ബെംഗളൂരു: കർണ്ണാടകയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവ മോഡലും സംഘവും അറസ്റ്റിൽ. മുംബൈ സ്വദേശിനിയായ മെഹർ എന്ന നേഹയും കൂട്ടാളികളുമാണ് ബെംഗളൂരു പൊലീസിന്‍റെ പിടിയിലായത്. ടെലഗ്രാം വഴിയാണ് മോഡൽ ഇരകളെ കെണിയിൽ വീഴ്ത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കളെ പരിചയപ്പെട്ട ശേഷം ടെലഗ്രാം ചാറ്റിലൂടെ ഇവർ ബന്ധം സ്ഥാപിച്ചെടുക്കുകയാണ് ചെയ്യാറ്. തുടർന്ന് തന്‍റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തുകയായാണ് രീതി.
ഇതുവരെ നേഹ 12 യുവാക്കളെ കെണിയിൽ കുരുക്കിയതായാണ് വിവരം. ഇവരിൽ ഭൂരിഭാഗം പേരും 25-30 വയസ് പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മെസേജിങ് ആപ്പായ ടെലഗ്രാം വഴി നേഹ യുവാക്കളോട് അടുക്കും. നിരന്തര ചാറ്റിങ്ങിലൂടെ ഇവരുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് ഇവരെ ജെപി നഗറിലെ തന്‍റെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന യുവാക്കളെ യുവതി ബിക്കിനി ധരിച്ചാണ് സ്വീകരിക്കാറെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലെത്തുന്ന ഉടനെ തന്നെ യുവതി ബിക്കിനിയിൽ ഇവരോടൊപ്പം സെൽഫി എടുക്കും. യുവാക്കളെ വശീകരിച്ച് അകത്തേക്ക് എത്തിച്ച ശേഷമാകും തങ്ങള്‍ കുടുങ്ങിയതായി യുവാക്കള്‍ തിരിച്ചറിയുന്നത്. ഫ്ലാറ്റിൽ മെഹറിനെ കൂടാതെ യുവാക്കളുമുണ്ടാകും. ഇവരുടെ സഹായത്തോടെ മെഹർ യുവാക്കളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കിയ ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതിയെന്ന് പൊലീസ് കണ്ടെത്തി.
ഭീഷണിക്ക് വഴങ്ങാത്തവരെ ബലംപ്രയോഗിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ നഗ്നദൃശ്യം പകർത്തും. പിന്നീട് ഇരകളുടെ മൊബൈൽ ഫോണ്‍ കൈക്കലാക്കി കോൺടാക്ട് ലിസ്റ്റിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ കരസ്ഥമാക്കും. നഗ്ന ദൃശ്യം ഇവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് വിലപേശൽ. അല്ലെങ്കിൽ തന്നെ വിവാഹം കഴിക്കണമെന്ന് യുവാക്കളോട് ആവശ്യപ്പെടും. തയ്യാറായാൽ അടുത്ത ആവശ്യം മതപരിവർത്തനം നടത്തണമെന്നാണ്. ഇതോടെ പണം നൽകി ഒഴിവാകാൻ മിക്കവരും നോക്കും
ഭീഷണിക്ക് വഴങ്ങി പണം നൽകിയ ഇരകളിൽ ഒരാള്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് യുവ മോഡലിന്‍റെയും സംഘത്തിന്‍റെയും ഹണിട്രാപ്പ് പുറംലോകമറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രധാന പ്രതിയായ മെഹറിനടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് രൂപയാണ് ഇവർ യുവാക്കളെ കെണിയിൽപ്പെടുത്തി തട്ടിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മോഡലിനെ കൂടാതെ യാസിൻ, പ്രകാശ് ബലിഗര, അബ്ദുൽ ഖാദര്‍ എന്നിവരാണ് പിടിയിലായത്. കേസിൽ നദീം എന്ന ഒരു പ്രതികൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.