ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുകൊണ്ടതും വണ്ടിയ്ക്ക് മുന്നില്‍ ചാടിയതും: സുരേഷ് ഗോപി
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസിന് പിന്തുണയുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി . ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുകൊണ്ടതും വണ്ടിയ്ക്ക് മുന്നില്‍ ചാടിയതെന്നും യൂത്ത് കോണ്‍ഗ്രസ് ആയതിനാല്‍ അവരെ മാറ്റി നിറുത്തേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്വം പേറുന്ന ആളുകള്‍ പോലും എന്താ ചെയ്തതെന്ന് വ്യക്തതയില്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതില്ല. വെറും വാചകവും തള്ളും മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതോടൊപ്പം സർക്കാർ നവകേരള സദസിനായി ഉപയോഗിക്കുന്ന ബസിനെയും സുരേഷ് ഗോപി പരിഹസിച്ചു.
സഞ്ചരിക്കുന്ന ആ രാക്ഷസ വാഹനത്തെയും ചെളിയില്‍ നിന്ന് തള്ളിക്കയറ്റുന്നു. നല്ല തമാശകളാണ് നടക്കുന്നതെന്നും താരം പരിഹസിച്ചു. അതേസമയം പ്രതിപക്ഷത്തിന് അവരുടെ പങ്ക് വഹിക്കാന്‍ സാധിക്കാത്ത തരത്തില്‍ ജനങ്ങള്‍ തന്നെയാണ് അവരെ നാവെടുക്കാന്‍ അനുവദിക്കാത്തതെന്നും സുരേഷ് ഗോപി ആരോപിച്ചു.
പ്രതിപക്ഷം ഏത് പാര്‍ട്ടിയുമാകട്ടെ നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്നില്‍ ചാടിയതും തല്ല് കൊണ്ട് ഇന്ന് ആശുപത്രിയില്‍ കിടക്കുന്നതും. അത് യൂത്ത് കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് തനിക്ക് അവരോട് ദൂരം കല്‍പ്പിക്കണമെന്ന് ആരും പറയില്ല. അങ്ങനെ പറയുന്നവരോട് മാത്രമേ തനിക്ക് ദൂരം കല്‍പ്പിക്കാനാകുകയുള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.