യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു: പി ജയരാജൻ
കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്നും യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നുവെന്നും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സംസ്ഥാനത്തെ ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നു. ഇതിൽ, കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ മതഭീകരവാദ സംഘടനയുട ഭാഗമായിട്ടുണ്ടെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു .
അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പി ജയരാജന്റെ ‘മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. ‘ ഇന്ന് പൊളിറ്റിക്കല്‍ ഇസ്ലാം എന്നത് വലിയ പ്രശ്‌നമായി വരികയാണ്. കേരളത്തിൽ ഉൾപ്പെടെ ചില ചെറുപ്പക്കാര്‍ വഴിതെറ്റി പോയി ഇസ്ലമിക് സ്റ്റേറ്റില്‍ ചേര്‍ന്നു.
അതുപോലെ തന്നെ, ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കശ്മീരിലെ കൂപ്‌വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ പോയി ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയിട്ടാണ് കൊല്ലപ്പെട്ടത്.’ എന്നായിരുന്നു പി ജയരാജന്റെ പരാമര്‍ശം.
ഇതുമായി ബന്ധപ്പെട്ട് തന്റെ പുസ്തകത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടാവുമെന്നും പി ജയരാജന്‍ പറഞ്ഞു. മലയാളത്തിലെ ഒരു പ്രദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയരാജന്റെ പരാമര്‍ശം.
തന്റെ പുസ്തകത്തിന് വലിയ വിമര്‍ശനം ഉണ്ടാകുമെന്നും എന്നാൽ അതിനെയാന്നും താന്‍ ഭയപ്പെടുന്നില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ വിമര്‍ശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വരണമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.