പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവാക്കൾ;അറസ്റ്റ്


തട്ടുകടയില്‍ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴിലെ തട്ടുകടയില്‍ എത്തിയ പ്രതികള്‍ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍ ബിരിയാണിക്ക് ഗ്രേവി നല്‍കാന്‍ വൈകിയതിന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഹോട്ടലിലും സംഘര്‍ഷമുണ്ടായിരുന്നു. കാഞ്ചീപുരത്തെ റോയല്‍ ബിരിയാണി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ കുറച്ച് ഗ്രേവി ചോദിച്ചു. അത് നല്‍കാൻ ഇത്തിരി വൈകിയതോടെ ക്ഷുഭിതരായവര്‍ ഹോട്ടല്‍ ജീവനക്കാരെ തല്ലിച്ചതക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി.
ഗ്രേവി ചോദിച്ച യുവാക്കള്‍ അടുക്കളയുടെ ഉള്ളില്‍ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. ജീവനക്കാരെ അസഭ്യം പറഞ്ഞ ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളില്‍ 2 സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്നു. കസേര എടുത്ത് ഹോട്ടല്‍ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണ സാധനങ്ങള്‍ എടുത്തെറിയുകയും ചെയ്യുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ 2 ഹോട്ടല്‍ ജീവനക്കാര്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.