വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 80 ലക്ഷം രൂപ തട്ടി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

single-img
7 December 2022

ഹണിട്രാപ്പ് നടത്തി പണം തട്ടിയ ഡല്‍ഹി സ്വദേശിനിയായ നംറ ഖാദിറിനെ ഗുരുഗ്രാം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ വ്യവസായിയില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്.

കഴിഞ്ഞ മാസം 14നാണ് പരസ്യകമ്പനി ഉടമയായ വ്യവസായി നംറക്കെതിരെ പരാതി നല്‍കിയത്. തന്റെ അശ്ലീലവീഡിയോ പകര്‍ത്തുകയും ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് 80 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതെന്നായിരുന്നു പരാതി. ബിസിനസ് പ്രൊമോഷന്‍ നടത്തുന്നതിനായാണ് വ്യവസായി നംറയെ പരിചയപ്പെട്ടത്.

ഇതിനുള്ള ചെലവിലേക്കായി രണ്ടര ലക്ഷം രൂപ നംറ അഡ്വാന്‍സായി വാങ്ങിച്ചു. പക്ഷെ പണം വാങ്ങിയിട്ടും പ്രൊമോഷനായി വീഡിയോ ചെയ്തില്ല. ഈ നടപടി ചോദ്യം ചെയ്തതോടെയാണ് നംറ ഹണിട്രാപ്പ് ഒരുക്കി വ്യവസായിയില്‍ നിന്ന് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു.

നംറ തന്നെ ഹോട്ടലില്‍ വിളിച്ചു വരുത്തി മയക്കുമരുന്നു നല്‍കി അശ്ലീലവീഡിയോ പകർത്തുകയായിരുന്നു . അതിനു ശേഷം ഈ വീഡിയോ കാണിച്ച് ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വ്യവസായിയുടെ പരാതി.യുവതിയുടെ ഭര്‍ത്താവ് വിരാട് ബെനിവാളിന്റെ ഒത്താശയോടെയാണ് ഈ തട്ടിപ്പു നടത്തിയതെന്നും കേസിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.