ടീമിലെ നാലാം നമ്പര്‍ ചര്‍ച്ച വീണ്ടും തുടങ്ങണമെന്ന് സഹീര്‍ ഖാന്‍; ഉദ്ദേശം സഞ്ജു?
അവസാന ഏകദിന ലോകകപ്പില്‍ വലിയ ചര്‍ച്ചയായ ബാറ്റിംഗ് പൊസിഷനാണ് നാലാം നമ്പര്‍. വിജയകരമായി കളിച്ച യുവ്‌രാജ് സിംഗിന് ശേഷം നാലാം നമ്പറില്‍ ഇന്ത്യ നിരവധി താരങ്ങളെ പരീക്ഷിച്ചെങ്കിലും ഉചിതനായ താരത്തെ കിട്ടിയില്ല. അവസാനം നാലാം നമ്പറുകാരനായി ശ്രേയസ് അയ്യരെ കണ്ടെത്തിയെങ്കിലും ഇനിവരുന്ന ഏകദിന ലോകകപ്പില്‍ അയ്യര്‍ കളിക്കുമോ എന്ന കാര്യം സംശയമാണ്. പരിക്കേറ്റ അയ്യരുടെ ഐപിഎല്‍ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്.
ഇതിനെ തുടർന്ന് നാലാം നമ്പറിനെ കുറിച്ച് ഏകദിന ലോകകപ്പ് മുമ്പ് ഒരു കൂടിയാലോചന വേണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ബാറ്റിംഗ് ഓര്‍ഡറില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്. നാലാം നമ്പര്‍ താരം ആരാണെന്ന് വീണ്ടും കണ്ടെത്തണം. നാല് വര്‍ഷം മുമ്പ് 2019 ലോകകപ്പിലും ഇതേ ചോദ്യം ഉയര്‍ന്നിരുന്നു. ശ്രേയസ് അയ്യരെയാണ് നാലാം നമ്പര്‍ താരമായി കണ്ടെത്തിയത് എങ്കിലും അദേഹത്തിന് പരിക്കേറ്റിരിക്കുകയാണ്. അതിനാല്‍ എപ്പോഴാണ് നാലാം നമ്പറിന്‍റെ കാര്യത്തില്‍ നമ്മള്‍ ഉത്തരം കണ്ടെത്തുക എന്നും സഹീര്‍ ഖാന്‍ ചോദിച്ചു.
ശ്രേയസ് അയ്യര്‍ക്ക് പ്രരിക്ക് പാടിയപ്പോൾ നിലവില്‍ സൂര്യകുമാര്‍ യാദവിനെയാണ് നാലാം നമ്പര്‍ താരമായി കളിപ്പിക്കുന്നത്. പക്ഷെ ഓസ്ട്രേലിയക്ക് എതിരായ മൂന്ന് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യ വിമര്‍ശനം ഏറെ ഏറ്റുവാങ്ങി. സൂര്യയെ മാറ്റി സഞ്ജു സാംസണെ നാലാം നമ്പറിലേക്ക് വിളിക്കണം എന്ന ആവശ്യം ഇതോടെ ശക്തമായിരുന്നു. 21 ഏകദിന ഇന്നിംഗ്‌സുകളില്‍ 24 ബാറ്റിംഗ് ശരാശരി മാത്രമുള്ള സൂര്യക്ക് ആകെ 433 റണ്‍സാണുള്ളത്.
സ്കൈ രണ്ട് തവണ മാത്രമാണ് 50+ സ്കോര്‍ കണ്ടെത്തിയത്. അതേസമയം സഞ്ജുവിന് 10 ഏകദിന ഇന്നിംഗ്‌സുകളില്‍ 66 ശരാശരിയില്‍ 330 റണ്ണുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികള്‍ സഞ്ജുവിന്‍റെ പേരിനൊപ്പവുമുണ്ട്.