ഖത്തർ ലോകകപ്പ്; ഇസ്ലാമിക പ്രഭാഷകർ സാക്കിർ നായിക്കിന് മതപ്രഭാഷണം നടത്താൻ ക്ഷണം
ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയ വിവാദ ഇസ്ലാമിക പ്രഭാഷകർ സാക്കിർ നായിക്കിനെ ലോകകപ്പിൽ മതപ്രഭാഷണം നടത്താൻ ഖത്തർ ക്ഷണിച്ചതായി റിപ്പോർട്ട്. നായിക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങളും ഇന്ത്യയിൽ സാക്കിർ നായിക്ക് നേരിടുന്നുണ്ട്.
നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടുവെന്നതാണ് ഇന്ത്യൻ അധികാരികൾ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിലൊന്ന്.ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, മറ്റ് മതങ്ങളിൽപ്പെട്ടവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തിപ്പിച്ചതിന് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിലക്കിനെ തുടർന്ന് മലേഷ്യയിലാണ് സാക്കിർ നായിക് ഇപ്പോൾ കഴിഞ്ഞു വരുന്നത്. ഇപ്പോൾ പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് സാക്കിർ നായിക് ടൂർണ്ണമെന്റിന്റെ ഭാഗമായി പ്രഭാഷണങ്ങൾ നടത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇതുവരെ ഖത്തർ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല.