സിംബാബ്‌വെ പര്യടനം; ആദ്യ രണ്ട്മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിക്കില്ല
ഈ മാസം ആറിന് തുടങ്ങുന്ന സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കില്ല. ഇതോടൊപ്പം യശ്വസി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവരെയും ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സായി സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ തുടങ്ങിയവരാണ് ഇവരുടെ പകരക്കാരെന്ന് ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.
ട്വന്റി 20 ലോകകപ്പ് കളിക്കാൻ പോയ ഇന്ത്യന്‍ സംഘം നിലവിൽ ബാര്‍ബഡോസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ്ഇവർക്ക് പകരക്കാരെ കണ്ടെത്താന്‍ ബിസിസിഐ നിര്‍ബന്ധിതമായത്. ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐ കളിക്കാർക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30ന് ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 ഓടെ ഡല്‍ഹിയില്‍ ഇറങ്ങും. ബെറില്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ടീം രണ്ടുദിവസമായി അവിടെ തങ്ങുകയാണ്.