എഡിജിപി അജിത്കുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും: ടി പി രാമകൃഷ്ണൻ
എ ഡി ജി പി അജിത്കുമാർ തെറ്റ് ചെയ്തു എങ്കിൽ നടപടിയുണ്ടാകുമെന്ന് ഇടതുമുന്നണി കവീനർ ടി പി രാമകൃഷ്ണൻ. അജികുമാർ എന്തിനുവേണ്ടി ആർഎസ്എസ് നേതാക്കളെ കണ്ടു എന്നതാണ് വിഷയം. ഇത് കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആഭ്യന്തരവകുപ്പ് ആരംഭിച്ചു.
അതിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്ന മുറയ്ക്ക് കുറ്റക്കാരനെങ്കിൽ നടപടി ഉണ്ടാകുമെന്നും സംസ്ഥാന സർക്കാർ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തുവെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു . ആർ എസ് എസ് അനുകൂല നിലപാടല്ല ആർ എസ് എസ് വിരുദ്ധ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. നിയമവും ചട്ടവും പാലിച്ച് മാത്രമേ സർക്കാറിന് നടപടി കൈക്കൊള്ളാൻ കഴിയൂ.
ഇവിടെ ,അജിത് കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടതല്ല പ്രശ്നം. എന്തിന് കണ്ടു എന്നുള്ളതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജനെ മാറ്റിയത് സംഘടനാപരമായ തീരുമാനമാണെന്നും ജാവദേക്കറെ കണ്ടത്തിനല്ല നടപടിയെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന എൽ ഡി എഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.